അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചു! ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ
പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നാണ് ബോബി ചെമ്മണ്ണൂരിന്‍റെ ആവശ്യം
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂന്‍റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
അതേസമയം ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കുമെന്നാണ് വിവരം.
താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ബോബി. അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്‍റെ ആവശ്യം.
വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഈ ജാമ്യഹർജി എത്തിയിരുന്നു . എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ശേഷം ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.
ഇതിനിടെ പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സമാന കുറ്റവും പരാമർശങ്ങളും ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ ശേഷമാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
What's Your Reaction?