ഹൈറ്റി: സായുധ ആക്രമണങ്ങൾ മൂലം മിനിറ്റിൽ ഒരു കുട്ടി വീതം വീടുവിട്ടിറങ്ങാൻ നിർബന്ധിതരാകുന്നു

കരീബിയൻ പ്രദേശത്തുള്ള ഹൈറ്റിയിൽ ഏറെ നാളുകളായി തുടരുന്ന സായുധസംഘർഷങ്ങൾ മൂലം മൂന്ന് ലക്ഷത്തിലധികം കുട്ടികൾ കുടിയൊഴിയാൻ നിർബന്ധിതരായിട്ടുണ്ടെന്ന്

Jul 8, 2024 - 12:00
 0  5
ഹൈറ്റി: സായുധ ആക്രമണങ്ങൾ മൂലം മിനിറ്റിൽ ഒരു കുട്ടി വീതം വീടുവിട്ടിറങ്ങാൻ നിർബന്ധിതരാകുന്നു

കരീബിയൻ പ്രദേശത്തുള്ള ഹൈറ്റിയിൽ ഏറെ നാളുകളായി തുടരുന്ന സായുധസംഘർഷങ്ങൾ മൂലം മൂന്ന് ലക്ഷത്തിലധികം കുട്ടികൾ കുടിയൊഴിയാൻ നിർബന്ധിതരായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ മാർച്ച് മുതൽ ഇത്തരം പ്രവണതയിൽ അറുപത് ശതമാനം വർദ്ധനവാണുണ്ടായിട്ടുള്ളതെന്നും, കണക്കുകൾ പ്രകാരം ഒരു മിനിറ്റിൽ ഒരു കുട്ടി എന്ന നിലയിൽ ഹൈറ്റിയിലെ കുട്ടികൾ സുരക്ഷ തേടി തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചിറങ്ങാൻ നിർബന്ധിതരാകുകയാണെന്ന് ശിശുക്ഷേമനിധി ജൂലൈ രണ്ടിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം ഹൈറ്റിയിൽ ഏതാണ്ട് ആറുലക്ഷത്തോളം ആളുകൾ കുടിയൊഴിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ പകുതിയും കുട്ടികളാണ്. രാജ്യത്ത് അടിയന്തിര മാനവികസഹായം ആവശ്യമാണെന്ന് യൂണിസെഫ് വ്യക്തമാക്കി. രാജ്യത്ത് കുട്ടികളും യുവജനങ്ങളും അതിക്രമങ്ങൾക്ക് ഇരകളാകുകയാണെന്നും, ലൈംഗികദുരുപയോഗങ്ങളുൾപ്പെടെ വിവിധതരത്തിലുള്ള ചൂഷണങ്ങൾക്ക് ഇവർ വിധേയരാകുന്നുണ്ടെന്നും സംഘടന അറിയിച്ചു. രാജ്യത്ത് പലപ്പോഴും ഇങ്ങനെ കുടിയൊഴിക്കപ്പെട്ട കുട്ടികൾക്ക് ആരോഗ്യസഹായമോ, ശുദ്ധജലമോ, ശുചിത്വസേവനമോ തുടർച്ചയായി ലഭ്യമാകുന്നില്ലെന്നും യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

മാനവികപ്രതിസന്ധികളുടെ ആദ്യ ഇരകളാകുന്നത് കുട്ടികളാണെന്നും, എന്നാൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മൂലം ഹൈറ്റിയിൽ കുടിയൊഴിയാൻ നിർബന്ധിതരായ മൂന്ന് ലക്ഷത്തോളം കുട്ടികൾക്ക് സുരക്ഷതമായ ഇടമൊരുക്കുകയും, അവർക്ക് സാമ്പത്തികസഹായം ലഭ്യമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും, അന്തരാഷ്ട്രസമൂഹം ഇതിലേക്ക് ശ്രദ്ധ തിരിക്കണമെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.

നിരവധി വർഷങ്ങളായി ഹൈറ്റിയിൽ തുടരുന്ന രാഷ്ട്രീയപ്രക്ഷോഭങ്ങളും മോശം സാമ്പത്തികസ്ഥിതിയും രാജ്യത്ത് സായുധസംഘങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത യൂണിസെഫ്, അതിജീവനത്തിനും സംരക്ഷണത്തിനുമായി ഇത്തരം സംഘങ്ങളിൽ ചേരാൻ കുട്ടികൾ നിർബന്ധിതരാവുകയാണെന്ന് വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച അന്തരാഷ്ട്രനിയമങ്ങളുടെ ലംഘനമാണ് ഹൈറ്റിയിൽ നടക്കുന്നതെന്ന് ശിശുക്ഷേമനിധി കൂട്ടിച്ചേർത്തു.

ഹൈറ്റിയിലെ തൊണ്ണൂറ് ശതമാനം ജനങ്ങളും പട്ടിണിയിലാണ് ജീവിക്കുന്നതെന്നും, രാജ്യത്ത് മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് അടിയന്തിരമാനവികസഹായം ആവശ്യമുണ്ടെന്നും യൂണിസെഫ് അധ്യക്ഷ പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കി. എല്ലാ വർഷങ്ങളിലും കടുത്ത കാലാവസ്ഥാപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹൈറ്റിയിൽ, ഇപ്പോൾ കുടിയൊഴിക്കപ്പെട്ട ആളുകൾ, വരും നാളുകളിലെ ശക്തമായ കൊടുങ്കാറ്റുകളെ നേരിടേണ്ടിവരുമെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറൻ ഹൈറ്റിയിലെ ബസ്സെൻ ബ്ലൂ എന്നയിടത്തുണ്ടായ ഒരു ചുഴലിക്കൊടുങ്കാറ്റിൽ ഏതാണ്ട് 650 കുട്ടികൾക്കാണ് ഭവനങ്ങൾ നഷ്ടപ്പെട്ടത്.

മഴക്കാലമെത്തുന്നതോടെ അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ജനങ്ങൾ അനുഭവിക്കേണ്ടിവരും. രാജ്യത്ത് നിലവിൽ എൺപത്തിനാലായിരം കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈറ്റിയിലെ ജനങ്ങളുടെ ദുഃസ്ഥിതി അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹത്തിന്റേതുൾപ്പെടെ ഏവരുടെയും സഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ് അദ്ധ്യക്ഷ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow