തൃശ്ശൂരിനെ ഞെട്ടിച്ച എടിഎം കവര്‍ച്ചാ പ്രതികള്‍ നാമക്കലില്‍ പിടിയിലായത് ഇങ്ങനെ
തൃശ്ശൂരിനെ ഞെട്ടിച്ച എടിഎം കവര്‍ച്ച പ്രതികള്‍ നടത്തിയത് വിദഗ്ധമായ ആസൂത്രണ പ്രകാരം. രക്ഷപ്പെടാനുള്ള പാച്ചിലിനിടെ സംഭവിച്ച ഒരപകടം പ്രതികളുടെ മാസ്റ്റർ പ്ലാൻ തകർക്കുകയായിരുന്നു.
നാമക്കല്‍ : തൃശ്ശൂരിനെ ഞെട്ടിച്ച എടിഎം കവര്‍ച്ച പ്രതികള്‍ നടത്തിയത് വിദഗ്ധമായ ആസൂത്രണ പ്രകാരം. രക്ഷപ്പെടാനുള്ള പാച്ചിലിനിടെ സംഭവിച്ച ഒരപകടം പ്രതികളുടെ മാസ്റ്റർ പ്ലാൻ തകർക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ ഗ്യാസ് കട്ടര്‍ ഉപോഗിച്ച് ഷൊര്‍ണൂര്‍ റോഡ്, കോലഴി, മാപ്രാണം എന്നിവിടങ്ങളിലെ എടിഎം മെഷീന്‍ തകര്‍ത്തായിരുന്നു കൊള്ള. 65 ലക്ഷം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തിയും കേരളാ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
സിസിടിവി ക്യാമറകള്‍ ഇല്ലാത്ത എടിഎമ്മുകളാണ് കവർച്ചയ്ക്കായി പ്രതികള്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് ഈ എ.ടി.എമ്മുകളില്‍ പണം നിറച്ചത്. തിരക്കൊഴിഞ്ഞ ഇടങ്ങളിലെ എടിഎമ്മുകളായതിനാല്‍ പണം അധികം പിന്‍വലിക്കപ്പെട്ടിട്ടില്ല എന്നതും കൊള്ളയ്ക്കായി പ്രതികള്‍ ഈ എടിഎമ്മുകള്‍ തെരഞ്ഞെടുക്കാന്‍ കാരണമായി. എടിഎം തകര്‍ത്ത് കവർച്ച നടത്താന്‍ ശ്രമിച്ചാല്‍ സുരക്ഷാ അലാറം മുഴങ്ങുകയും വിവരം ബാങ്ക് അധികൃതര്‍ക്കും പോലീസിനും ലഭിക്കുകയും ചെയ്യും. തൃശ്ശൂരില്‍ കൊള്ള നടന്ന എടിഎമ്മുകളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ലഭിച്ചാല്‍ പോലീസ് സ്ഥലത്തെത്താന്‍ ഏതാണ്ട് പത്ത് മിനുറ്റോളം സമയമെടുക്കും. ഈ വിവരം കൃത്യമായി മനസിലാക്കിയാണ് പ്രതികള്‍ കവർച്ച ആസൂത്രണം ചെയ്തത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അതിവേഗമായിരുന്നു കവർച്ച. പോലീസ് എത്തുന്നതിന് മുമ്ബ് പത്ത് മിനുറ്റിനുള്ളില്‍ പണം എടുത്ത് അടുത്ത എടിഎം ലക്ഷ്യമാക്കി നീങ്ങുകയും അടുത്ത രണ്ട് എ.ടി.എമ്മുകളിലും ഇതേ പ്രക്രിയ ആവര്‍ത്തിക്കുകയും ചെയ്തശേഷമാണ് കാര്‍ കണ്ടെയിനര്‍ ലോറിയിലേക്ക് ഓടിച്ചു കയറ്റി പ്രതികള്‍ രക്ഷപ്പെട്ടത്. എസ്.കെ. ലോജിസ്റ്റിക്‌സ് എന്ന കമ്ബനിയുടെ കണ്ടെയിനര്‍ ലോറിയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത്. ഈ ലോറിയും മോഷ്ടിച്ചതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
കൃത്യത്തിന് ശേഷം പ്രതികള്‍ ഷൊര്‍ണൂര്‍-ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും തുടര്‍ന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും പോയി. തുടര്‍ന്ന് കോയമ്ബത്തൂര്‍ നഗരത്തിന് പുറത്തുകൂടെ വഴി ലോറി നാമക്കല്‍ ഭാഗത്തേക്കാണ് പോയത്. ഇവിടെ വച്ച് അതിവേഗത്തില്‍ പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കൂടാതെ മറ്റ് ചില വാഹനങ്ങളിലും ഇടിച്ചു. ഇതോടെയാണ് തമിഴ്‌നാട് പോലീസ് ലോറിയെ പിന്തുടരുന്നത്. ലോറിയില്‍ ഇനി രക്ഷപ്പെടാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പ്രതികള്‍ അക്രമത്തിലേക്ക് കടന്നു. ലോറി നിര്‍ത്തിയ ഉടന്‍ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെടുകയായിരുന്നു. ബാക്കിയുള്ളവരെ തമിഴ്‌നാട് പോലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പോലീസുകാർക്ക് കുത്തേറ്റിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സംഘങ്ങളാകാം കവർച്ചയ്ക്ക് പിന്നിലെന്ന് കേരളാ പോലീസിന് സംശയമുണ്ടായിരുന്നു.
ഉത്തരേന്ത്യന്‍ രജിസ്‌ട്രേഷനുള്ള കണ്ടെയിനര്‍ ലോറികള്‍ മുഴുവന്‍ പരിശോധിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. ഇതേ കാര്യം കേരളാ പോലീസ് തമിഴ്‌നാട് പോലീസിനേയും അറിയിച്ചിരുന്നു
What's Your Reaction?