പാലക്കാട് കോടതി ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധങ്ങളുടെ പരസ്യത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.

Jan 19, 2025 - 20:59
 0  6
പാലക്കാട് കോടതി ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

പ്രശസ്ത യോഗാചാര്യൻ ബാബാ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.  പരസ്യവുമായി ബന്ധപ്പെട്ട
നിയമം ലംഘിച്ച കേസിൽ ആണ് കോടതി രാംദേവിനെതിരെ ഇന്ന് വാറണ്ട് പുറപ്പെടുവിച്ചത്. 

ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധങ്ങളുടെ പരസ്യത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസിൽ പ്രതിയാണ്.

കഴിഞ്ഞ മാസം 16ന് കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. പക്ഷേ കോടതിയിൽ വരാതിരുന്നതിനെത്തുടർന്നാണ് ​ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 

കണ്ണൂർ സ്വദേശിയായ ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയ പരാതിയിലാണ് ഈ നടപടി.

അമിത രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ സുഖപ്പെടുത്തുമെന്ന് പതഞ്ജലിയുടെ ചില ആയൂർവേദ ഉത്പന്നങ്ങൾ പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തിൽ പല പ്രത്യേക രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ ഡ്രഗ്സ് ആന്റ് മാജിക് റെമ‍ഡീസ് (ഒബക്ഷണബിൾ അഡ്വർടൈസ്മെന്റ്) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് പരാതി.

പതഞ്ജലിയുടെ ഉത്പന്നങ്ങൾക്കെതിരെ കണ്ണൂർ സ്വദേശിയായ ഡോക്ടർ 2022ൽ വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് പരാതിയും നൽകിയിരുന്നു. 

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയതിൻ്റെ പേരിൽ മാസങ്ങൾക്ക് മുൻപാണ് സുപ്രീം കോടതിയും രാംദേവിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

ഇതിൻ്റെ ഭാഗമായി കോടതിയിലും പിന്നീട് മാധ്യമങ്ങളിലും പതഞ്ജലി പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow