അമ്മു സജീവന്റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

മരണത്തിൽ നിർണായക അറസ്റ്റ്. ആരോപണവിധേയരായ മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

Nov 22, 2024 - 12:11
 0  2
അമ്മു സജീവന്റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ടയിലെ(Pathanamthitta) നഴ്സിം​ഗ് വിദ്യാർത്ഥിനി(nursing student) അമ്മു സജീവൻ്റെ മരണത്തിൽ നിർണായക അറസ്റ്റ്. ആരോപണവിധേയരായ മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു.

ക്ലാസിലും ഹോസ്റ്റൽ മുറിയിലും ഈ മൂവർ സംഘം ശല്യമുണ്ടാക്കിയിരുന്നുവെന്നും അമ്മുവിന് ഇവരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയത് മൂവർ സംഘം എതിർത്തിരുന്നു. സംഭവ ദിവസം ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിൻ്റെ നിഗമനം. 

അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. കുടുംബം പരാതി ഉയർത്തിയതോടെയാണ് ഫോൺ കോൾ രേഖകൾ അടക്കം പരിശോധിക്കാൻ അമ്മുവിൻറെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആരോപണം നേരിടുന്ന മൂന്നു വിദ്യാർഥിനികളെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിൻറെ അച്ഛൻ, പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയിരുന്നു. 

നവംബർ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചത്. പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ വളപ്പിൽ വൈകുന്നേരം 4.50ന് ആയിരുന്നു സംഭവം.

പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മു. വൈകിട്ട് കോളേജിൽ നിന്ന് തിരികെയെത്തിയതിന് ശേഷം അമ്മുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.  

വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിച്ചു.

അമ്മു ഹോസ്റ്റലിൽ മടങ്ങി എത്തിയതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഹോസ്റ്റൽ വാർഡൻ പറഞ്ഞത്. അമ്മു നാലുവർഷമായി ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. വളരെ ശാന്തസ്വഭാവക്കാരിയായ പെൺകുട്ടിയായിരുന്നുവെന്നും ഹോസ്റ്റൽ വാർഡൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow