വധഭീഷണി, വധശ്രമം… യുഎസില്‍ ക്രമസമാധാനം വഷളാകുന്നോ?

Dec 1, 2024 - 03:57
 0  6
വധഭീഷണി, വധശ്രമം… യുഎസില്‍ ക്രമസമാധാനം വഷളാകുന്നോ?

ഹൂസ്റ്റണ്‍: രണ്ടു വധശ്രമങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കാബിനറ്റ് അംഗങ്ങള്‍ക്കു നേരെയും വധഭീഷണി ഉയര്‍ന്നതോടെ യുഎസില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ച ഉരുത്തിരിഞ്ഞിരിക്കുകയാണ്. മുന്‍പ് യുഎസില്‍ കേട്ടുകള്‍വി മാത്രമായിരുന്നു വധ ഭീഷണികള്‍ പെരുകുന്നത് ഭരണകൂടത്തിന്റെ കഴിവു കേടാണെന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്.

ഡൊണാള്‍ഡ് ട്രംപ് 2.0 കാമ്പിനറ്റ് അംഗങ്ങള്‍ക്കും മറ്റ് രാഷ്ട്രീയ നിയമിതര്‍ക്കുമാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാബിനിറ്റ് അംഗങ്ങള്‍ക്ക് മാത്രമല്ല അവരുടെ കുടുംബാഗംങ്ങള്‍ക്കും നേരേ ഭീഷണി ഉയര്‍ന്നതായാണ് ന്യൂ അനുസരിച്ച് യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് ഭീഷണി മുതല്‍ ‘സ്വാട്ടിംഗ്’ വരെ നീളുന്നതായിരുന്നു ഭീഷണി. ഇതോടെ ഭീഷണി നേരിട്ടവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമപാലകരും മറ്റ് അധികാരികളും വേഗത്തില്‍ പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ട്രംപും മുഴുവന്‍ ട്രാന്‍സിഷന്‍ ടീമും സുരക്ഷാ ക്രമീകരണത്തില്‍ സംതൃപ്തിയും രേഖപ്പെടുത്തി.

ആരെയാണ് ഭീഷണി കൃത്യമായി ലക്ഷ്യം വച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ നവംബര്‍ 5 ലെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന്, നിയുക്ത പ്രസിഡന്റ് തന്റെ കാബിനറ്റിലേക്കും മറ്റ് ഉയര്‍ന്ന ഭരണ പദവികളിലേക്കും പ്രഗത്ഭരെ നിശ്ചയിച്ചിരുന്നു. ട്രംപ് തിരഞ്ഞെടുത്ത പ്രശസ്തരായ ആളുകളില്‍ എലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും ഉള്‍പ്പെടുന്നു. ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) വകുപ്പിന്റെ ചുമതലയാണ് ഇവര്‍ക്കുള്ളത്.

ജോണ്‍ റാറ്റ്ക്ലിഫ്, സിഐഎ ഡയറക്ടര്‍; വില്യം മക്ഗിന്‍ലി, വൈറ്റ് ഹൗസ് കൗണ്‍സല്‍; മൈക്ക് ഹക്കബി, ഇസ്രായേലിലെ അംബാസഡര്‍; പീറ്റ് ഹെഗ്സെത്ത്, പ്രതിരോധ സെക്രട്ടറി; ടോം ഹോമാന്‍, ബോര്‍ഡര്‍ സാര്‍; സൂസി വൈല്‍സ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് തുടങ്ങിയവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പെന്‍സില്‍വാനിയ റാലിയില്‍ തോമസ് മാത്യു ക്രൂക്സ് നടത്തിയതുള്‍പ്പെടെ രണ്ട് കൊലപാതക ശ്രമങ്ങളെ ട്രംപ് തന്നെ അതിജീവിച്ചതിന് ശേഷമാണ് ഈ ഭീഷണികള്‍ വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ എകെ 47, ഗോപ്രോ ക്യാമറ, മറ്റ് വസ്തുക്കള്‍ എന്നിവയുമായി ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയ റയാന്‍ വെസ്ലി റൗത്താണ് ട്രംപിന്റെ കൊലയാളിയെന്ന് കരുതുന്ന മറ്റൊരു വ്യക്തി. നിലവില്‍ റൗത്ത് ജയിലില്‍ കഴിയുമ്പോള്‍, ട്രംപിനെയും മറ്റുള്ളവരെയും മുറിവേല്‍പ്പിക്കുകയും റാലിയില്‍ പങ്കെടുത്ത ഒരാളെ കൊല്ലുകയും ചെയ്ത ശേഷം ക്രൂക്ക്‌സിനെ രഹസ്യാന്വേഷണ വിഭാഗം വധിക്കുകയായിരുന്നു.

അതിനിടെ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനെതിരേ മെക്‌സിക്കോ രംഗത്തു വന്നു. തീരുമാനവുമായി മുന്നോട്ടു പോയാല്‍ ഏകദേശം 400,000 യുഎസ് ജോലികള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയുക്ത യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദിഷ്ട താരിഫുകളോട് മെക്‌സിക്കന്‍ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും എന്നതിന്റെ വ്യക്തമായ ചിത്രം മെക്സിക്കോയുടെ പ്രസിഡന്റും സാമ്പത്തിക മന്ത്രിയും നല്‍കിയിട്ടുണ്ട്.

ട്രംപ് പദ്ധതികള്‍ പിന്തുടരുകയാണെങ്കില്‍ മെക്‌സിക്കന്‍ പ്രതികരണം വേഗത്തിലായിരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്. ‘യുഎസ് താരിഫുകള്‍ വന്നാല്‍ മെക്‌സിക്കോയും താരിഫ് ഉയര്‍ത്തുമെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചൈനയോട് മാത്രമല്ല, കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം താരിഫ് ചുമത്താന്‍ താന്‍ പദ്ധതിയിടുന്നു എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

സാമ്പത്തിക മന്ത്രി മാര്‍സെലോ എബ്രാര്‍ഡും ട്രംപ് ഒരു പ്രാദേശിക വ്യാപാര യുദ്ധം ആരംഭിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ് തൊഴിലാളികള്‍ വലിയ ‘വില’ നല്‍കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസില്‍ ”ഏകദേശം 400,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും”, മെക്‌സിക്കോയില്‍ നിര്‍മ്മിക്കുന്ന യുഎസ് കാര്‍ നിര്‍മ്മാതാക്കളുടെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം ചൂണ്ടിക്കാട്ടി അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതിന്റെ ആഘാതം തൊഴിലാളികള്‍ക്കപ്പുറം യുഎസ് ഉപഭോക്താക്കളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദാഹരണത്തിന്, യുഎസില്‍ വില്‍ക്കുന്ന മിക്ക പിക്കപ്പ് ട്രക്കുകളും മെക്‌സിക്കോയിലാണ് നിര്‍മ്മിക്കുന്നതെന്ന് എബ്രാര്‍ഡ് പറഞ്ഞു. ട്രംപിന്റെ താരിഫുകള്‍ പുതിയ വാഹനത്തിന്റെ വിലയില്‍ 3,000 ഡോളര്‍ കൂട്ടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതൊക്കെ പരിശോധിച്ചു മാത്രമേ ട്രംപ് പ്രഖ്യാപനം നടപ്പാക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഡോ. ജോര്‍ജ് എം. കാക്കനാട്

What's Your Reaction?

like

dislike

love

funny

angry

sad

wow