ഉമ്മൻചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്; പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനയുമായി നിരവധി പേര്‍

ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻചാണ്ടി യാത്രയായിട്ട് ഇന്ന് ഒരാണ്ട്.

Jul 18, 2024 - 11:30
 0  4
ഉമ്മൻചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്; പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനയുമായി നിരവധി പേര്‍

കോട്ടയം: ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻചാണ്ടി യാത്രയായിട്ട് ഇന്ന് ഒരാണ്ട്. സംസ്ഥാനമെങ്ങും ഉമ്മൻചാണ്ടി അനുസ്‌മരണ പരിപാടികള്‍ നടക്കും.

രാവിലെ മുതല്‍ നിരവധി പേരാണ് പുതുപ്പള്ളി പള്ളിയില്‍ പ്രാർത്ഥനയുമായി എത്തിയത്. പള്ളിയില്‍ പ്രത്യേക പ്രാർത്ഥനങ്ങള്‍ നടക്കും. ഏറെ വേദനിപ്പിച്ച വേർപാടിന്റെ ഓർമ്മയിലാണ് രാഷ്ട്രീയ കേരളം.

മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ അനുസ്മരണക്കായുള്ള പരിപാടികള്‍ക്ക് ജന്മനാടായ കോട്ടയത്ത് ഇന്ന് തുടക്കമാകും. അര നൂറ്റാണ്ടിലേറെ പുതുപ്പള്ളിയെ കൈവെള്ളയില്‍ സൂക്ഷിച്ച പിതാവിന്റെ പിൻഗാമി ചാണ്ടി ഉമ്മൻ എം എല്‍ എ ചെയർമാനായ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് ഗർവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.

ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുതുപ്പള്ളിയിലെ 1000 വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കൂരോപ്പടയില്‍ 50 സെന്റില്‍ നിർമ്മിച്ച ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന - ഗോള്‍ ഫുട്ബാള്‍ ടർഫിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രാത്രി നിയമസഭാംഗങ്ങളുടെ പ്രദർശന ഫുട്ബാള്‍ മത്സരവുമുണ്ട്.

പള്ളി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് അനുസ്‌മ‌രണ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും. കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിലും ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കും. ജില്ലയിലെ 1564 ബൂത്തുകളിലും രാവിലെ ഉമ്മൻചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാർച്ചന.

കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്നിന് മാമ്മൻ മാപ്പിള ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ അദ്ധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്കായി രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനവും ഉമ്മൻചാണ്ടി സ്മാരക മന്ദിര നിർമ്മാണ പ്രഖ്യാപനവും നടക്കും. പ്രധാന നിമിഷങ്ങള്‍ പകർത്തിയ 100 ചിത്രങ്ങളുടെ പ്രദർശനം, അനാഥ മന്ദിരങ്ങളില്‍ ഭക്ഷണവിതരണം, രക്തദാന ക്യാമ്ബുകള്‍, രക്തദാനസേന രൂപവത്കരണം തുടങ്ങി വിവിധ പരിപാടികള്‍ 31വരെ നടത്തും. ഇന്ദിരാ ഭവനിലും ഇന്ന് രാവിലെ പുഷ്പാർച്ചന നടത്തും. അടുത്തയാഴ്ച തിരുവനന്തപുരത്ത് അനുസ്മരണ ചടങ്ങുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow