ട്രംപ് ക്ലാസ് യുദ്ധക്കപ്പലുകൾ അമേരിക്കൻ നാവികസേനയ്ക്ക് വൻ സാമ്പത്തിക ബാധ്യതയാകുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ട്രംപ് ക്ലാസ് യുദ്ധക്കപ്പലുകളുടെ നിർമ്മാണം അമേരിക്കൻ നാവികസേനയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകുന്നതായി പുതിയ റിപ്പോർട്ട്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന 15 പുതിയ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതി നാവികസേനയുടെ ചെലവുകൾ പ്രതീക്ഷിച്ചതിനേക്കാൾ കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രഷണൽ ബജറ്റ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.പദ്ധതി പ്രകാരം അടുത്ത 30 വർഷത്തിനുള്ളിൽ കപ്പൽ നിർമ്മാണത്തിനായി പ്രതിവർഷം ശരാശരി 54 ബില്യൺ ഡോളർ ചെലവഴിക്കേണ്ടി വരും. നാവികസേന നേരത്തെ കണക്കാക്കിയിരുന്നതിനേക്കാൾ 18 ശതമാനം അധിക തുകയാണിത്. പുതിയ നിരയിലെ ആദ്യ യുദ്ധക്കപ്പലിന് മാത്രം 23.4 ബില്യൺ ഡോളറും തുടർന്നുള്ള ഓരോ കപ്പലിനും ശരാശരി 18 ബില്യൺ ഡോളറും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.മൊത്തത്തിൽ 15 യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിനായി ഏകദേശം 275 ബില്യൺ ഡോളർ വേണ്ടിവരുമെന്ന് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് ചൂണ്ടിക്കാട്ടുന്നു. ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ നാവികസേനയുടെ കപ്പൽപ്പട കടുത്ത സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആക്ടിംഗ് നേവി സെക്രട്ടറി ഹങ് കാവോ സമ്മതിച്ചു. യുദ്ധസാഹചര്യം കാരണം പല കപ്പലുകളും 300 ദിവസത്തിലധികം തുടർച്ചയായി കടലിൽ വിന്യസിക്കേണ്ടി വരികയാണ്.