ഇറാനിലെ കൽക്കരിഖനി ദുരന്തം: അനുശോചനങ്ങളറിയിച്ച് ഫ്രാൻസിസ് പാപ്പാ

അൻപതിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഇറാനിലെ കൽക്കരിഖനി ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചും, അപകടത്തിൽ പരിക്കേറ്റവർക്ക് തന്റെ ആത്മീയഐക്യം അറിയിച്ചും ഫ്രാൻസിസ് പാപ്പാ. സംഭവസ്ഥലത്ത് എഴുപതോളം ആളുകൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു

Sep 28, 2024 - 12:37
 0  6
ഇറാനിലെ കൽക്കരിഖനി ദുരന്തം: അനുശോചനങ്ങളറിയിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീന്റെ ഒപ്പോടുകൂടി അയച്ച ഒരു ടെലിഗ്രാം സന്ദേശത്തിൽ, കഴിഞ്ഞ ദിവസം ഇറാനിലെ വടക്കുകിഴക്കൻ പ്രദേശത്തുള്ള തബാസിലുള്ള ഒരു കൽക്കരിഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ അൻപതിലധികം ആളുകൾ മരണമടഞ്ഞ സംഭവത്തിൽ, ഫ്രാൻസിസ് പാപ്പാ തന്റെ അനുശോചനങ്ങൾ അറിയിച്ചു. സെപ്റ്റംബർ 21 ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ഈ അപകടത്തിൽ ഇനിയും ആളുകളെ കണ്ടുകിട്ടാനുണ്ട്.

ഈ ദാരുണ അപകടത്തിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്‌ത ഫ്രാൻസിസ് പാപ്പാ, അപകടത്തിൽ പരിക്കേറ്റവർക്ക് തന്റെ ആത്മീയഐക്യം ഉറപ്പുനൽകി. ഈ വലിയ അപകടത്തിൽ ഉൾപ്പെട്ടവർക്കും, ഇതുമായി ബന്ധപ്പെട്ട് ദുരിതത്തിലായവർക്കും പാപ്പാ, ധൈര്യവും, സമാശ്വാസവും, സമാധാനവും നേർന്നു.

ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് അപകടസമയത്ത് സംഭവസ്ഥലത്ത് ഏതാണ്ട് എഴുപതോളം ആളുകൾ ജോലി ചെയ്തിരുന്നു. മീഥെയ്ൻ വാതകച്ചോർച്ചയെത്തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സംശയിക്കപ്പെടുന്നു. ഖനിയിൽ കുടുങ്ങിപ്പോയ മറ്റു ജോലിക്കാർ രക്ഷപെട്ടിരിക്കാൻ സാധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇറാനിലെ ഖനികളുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ദുരന്തമാണിത്. സംഭവത്തിൽ ഇറാൻ പ്രെസിഡന്റ് മസൂദ് പെസെഷ്കിയാൻ അന്വേഷണം പ്രഖ്യാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow