ഇന്ത്യൻ അരിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ ആലോചിച്ച് ട്രംപ്; നടപടി യു.എസ്. കർഷകരുടെ പരാതിയെ തുടർന്ന്
ചെലവ് കുറഞ്ഞ വിദേശ ഉൽപ്പന്നങ്ങൾ യു.എസ്. ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നു എന്ന കർഷകരുടെ പരാതികൾ ഉയർന്നതിന് പിന്നാലെ, കനേഡിയൻ വളം, ഇന്ത്യൻ അരി എന്നിവയുൾപ്പെടെയുള്ള കാർഷിക ഇറക്കുമതിക്ക് പുതിയ താരിഫ് ഏർപ്പെടുത്താൻ തൻ്റെ ഭരണകൂടം തയ്യാറാണെന്ന് സൂചന നൽകി.
അമേരിക്കൻ കർഷകർക്കായി 12 ബില്യൺ ഡോളറിൻ്റെ രക്ഷാ പാക്കേജ് പുറത്തിറക്കുന്നതിനായി വൈറ്റ് ഹൗസിൽ നടന്ന റൗണ്ട് ടേബിൾ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു ട്രംപ്. രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് അരി അമേരിക്കൻ വിപണിയിലേക്ക് ഡംപ് ചെയ്യുന്നു എന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡി നൽകുന്ന അരിയുടെ ഇറക്കുമതി യു.എസ്. വിപണിയെ തകർക്കുകയും ആഭ്യന്തര വില കുറയ്ക്കുകയും ചെയ്യുന്നതായി കർഷകർ ട്രംപിനോട് പരാതിപ്പെട്ടു. അവർ 'ചതിക്കുകയാണെന്നും' ഉടൻ താരിഫ് ഏർപ്പെടുത്തുമെന്നും ട്രംപ് മറുപടി നൽകി. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വളമായിരിക്കും അടുത്ത നടപടിയെന്നും യു.എസ്. ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കനത്ത തീരുവകൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം സൂചന നൽകി.