യുഎസിൽ കുട്ടികൾക്കായി ‘ട്രംപ് അക്കൗണ്ടുകൾ’ യാഥാർത്ഥ്യമാകുന്നു; 1000 ഡോളർ നിക്ഷേപവുമായി സർക്കാർ, ദാരിദ്ര്യം കുറയ്ക്കാൻ 6.25 ബില്യൺ ഡോളർ സംഭാവനയുമായി മൈക്കിൾ ഡെൽ
അമേരിക്കയിലെ കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ശക്തമായ സാമ്പത്തിക അടിത്തറ നൽകുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ആവിഷ്കരിച്ച പുതിയ നിക്ഷേപ പദ്ധതിയായ 'ട്രംപ് അക്കൗണ്ടുകൾ' (Trump Accounts) യാഥാർത്ഥ്യത്തിലേക്ക്. ഈ പദ്ധതി പ്രകാരം, നികുതി ഇളവുകളോടുകൂടിയ ഈ നിക്ഷേപ അക്കൗണ്ടുകൾക്ക് കേന്ദ്രസർക്കാർ 1000 ഡോളർ വരെ പ്രാരംഭ നിക്ഷേപം നൽകും.
കുട്ടികൾക്ക് ദീർഘകാല സമ്പാദ്യത്തിനുള്ള അവസരം ഒരുക്കുന്ന ഈ പദ്ധതി, 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ' ഭാഗമായാണ് നിയമമായത്. 2025 ജനുവരി ഒന്നിനും 2028 ഡിസംബർ 31-നും ഇടയിൽ ജനിക്കുന്ന യുഎസ് പൗരന്മാരായ കുട്ടികൾക്കാണ് സർക്കാരിന്റെ 1000 ഡോളർ ആദ്യ നിക്ഷേപം ലഭിക്കുക. കുട്ടിയുടെ പേരിൽ മാതാപിതാക്കൾ അക്കൗണ്ട് തുറക്കുക എന്നതാണ് ഇതിനായുള്ള മാനദണ്ഡം.
സർക്കാർ നിക്ഷേപത്തിന് പുറമെ, മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രതിവർഷം 5000 ഡോളർ വരെ ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കാം. ഈ തുക മുഴുവൻ യുഎസ് ഓഹരി വിപണിയിലെ എസ് ആന്റ് പി 500 പോലുള്ള പ്രമുഖ ഇൻഡെക്സ് ഫണ്ടുകളിലാണ് നിക്ഷേപിക്കേണ്ടത്. അക്കൗണ്ടിലെ പണം കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ മാത്രമാണ് പിൻവലിക്കാൻ കഴിയുക. വിദ്യാഭ്യാസം, വീട് വാങ്ങൽ, അല്ലെങ്കിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം.