കലിഫോർണിയയിലെ ബാങ്ക്വറ്റ് ഹാളിൽ വെടിവെപ്പ്: നാല് മരണം, 10 പേർക്ക് പരിക്ക്
യു.എസിലെ കലിഫോർണിയയിൽ സ്റ്റോക്ക്‌ടൺ നഗരത്തിലെ ഒരു ബാങ്ക്വറ്റ് ഹാളിൽ കുടുംബ സംഗമം നടക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ (പ്രാദേശിക സമയം) ലൂസൈൽ അവന്യൂവിലെ ഒരു ബാങ്ക്വറ്റ് ഹാളിലാണ് സംഭവം നടന്നത്.
സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസിന്റെ പ്രസ്താവന പ്രകാരം, കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ രണ്ട് മുതിർന്നവരും ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.
സംഭവം ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെയാണ് നടന്നതെന്നും വെടിവെപ്പ് ലക്ഷ്യമിട്ടുള്ള ആക്രമണമായിരിക്കാമെന്നാണ് പ്രാഥമിക സൂചനകളെന്നും ഷെരീഫ് ഓഫീസിന്റെ വക്താവ് ഹെതർ ബ്രെന്റ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനും പ്രതിയെ പിടികൂടാനും അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.