യേശുവിൻ്റെ ജീവിക്കുന്ന ഓർമ്മയിൽ മനുഷ്യാന്തസിന്റെ മൂല്യം തിരിച്ചറിയുന്നു: പാപ്പാ
പ്രിയ സഹോദരീ സഹോദരന്മാരേ, സന്തോഷകരമായ ഞായറാഴ്ച ആശംസിക്കുന്നു!
യേശുവിൻ്റെ കുരിശുമരണവും, പുനരുത്ഥാനവും, നവംബർ ആദ്യവാരത്തിൽ,നാം അനുസ്മരിക്കുന്ന കാര്യങ്ങൾക്ക് വെളിച്ചം നൽകുന്നു.അവൻ നമ്മോട് പറഞ്ഞിട്ടുണ്ട്: “ഇതാണ് എന്നെ അയച്ചവന്റെ ഹിതം. അവൻ എനിക്ക് നൽകിയവയിൽ ഒന്നും ഞാൻ നഷ്ടപ്പെടുത്തരുത്. മറിച്ച് അവസാന നാളിൽഞാൻ അവരെ ഉയിർപ്പിക്കും”.(യോഹന്നാൻ 6:39). ദൈവത്തിൻ്റെ ആത്യന്തികമായ ആഗ്രഹം ഇതിലൂടെ വ്യക്തമാണ്: ആരും എന്നെന്നേക്കുമായി നഷ്ടപ്പെടരുത്, ഓരോ വ്യക്തിക്കും അവരുടേതായ സ്ഥാനമുണ്ട്, അവരുടെ തനിമയിൽ അവർ പ്രകാശിക്കും.
ഇന്നലെ നാം ആഘോഷിച്ച സകല വിശുദ്ധരുടെയും തിരുനാൾ ഈ രഹസ്യത്തെയാണ് അടയാളപ്പെടുത്തുന്നത്:
വ്യത്യസ്തതകൾക്കിടയിലും ദൈവത്തിൻ്റെ സ്നേഹത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി അവിടുന്ന് തൻ്റെ ജീവൻ പകർന്നുനൽകുന്നു. അംഗീകാരത്തിനും ശ്രദ്ധപിടിച്ചുപറ്റലിനും, സന്തോഷത്തിനും വേണ്ടിയുള്ള ആഗ്രഹം ഓരോ മനുഷ്യഹൃദയത്തിലും കൊത്തിവെച്ചിട്ടുള്ളതാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഇപ്രകാരം എഴുതുന്നതുപോലെ, “നിത്യജീവൻ” എന്ന പ്രയോഗം ഈ അപ്രതിരോധ്യമായ പ്രതീക്ഷയ്ക്ക് ഒരു നാമം നൽകാൻ ശ്രമിക്കുന്നു: അത് അനന്തമായ ഒരു പിന്തുടർച്ചയല്ല, മറിച്ച് അനന്തമായ സ്നേഹത്തിൻ്റെ സമുദ്രത്തിൽ ഉൾചേരുന്നതാണ്. ആ അവസ്ഥയിൽ കാലം എന്നൊന്നില്ല. ജീവിതത്തിൻ്റെയും സന്തോഷത്തിൻ്റെയും പൂർണ്ണത: ഇതാണ് ക്രിസ്തുവിനോടൊപ്പമുള്ള നമ്മുടെ ജീവിതത്തിൽ നിന്ന് നാം പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും (സ്പേ സാൽവി, 12).
അതിനാൽ, മരിച്ചുപോയ എല്ലാ വിശ്വാസികളുടെയും ഓർമ്മ ഈ രഹസ്യത്തെ നമ്മിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മരണം നമ്മെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുമെന്ന് തോന്നുമ്പോഴെല്ലാം, ആരെയും നഷ്ടപ്പെടുത്തരുതെന്ന ദൈവത്തിൻ്റെ ആഗ്രഹം നമുക്കു മനസിലാകുന്നു.
മരണം നമ്മിൽ നിന്നും, ഒരു ശബ്ദം, ഒരു മുഖം, ഒരു മുഴുവൻ ലോകത്തെയും നഷ്ടപ്പെടുത്തുവെന്ന ചിന്ത ഉണ്ടാകുമ്പോൾ, ഈ വചനം നമ്മെ ധൈര്യപ്പെടുത്തണം. വാസ്തവത്തിൽ, ഓരോ വ്യക്തിയും ഒരു മുഴുവൻ ലോകമാണ്. അതുകൊണ്ട്, ഇന്ന്, വിലപ്പെട്ടതും എന്നാൽ ദുർബലവുമായ മനുഷ്യസ്മരണകളെ വെല്ലുവിളിക്കുന്ന ഒരു ദിവസമാണ്.
എന്നാൽ, യേശുവിൻ്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെ സ്മരിക്കാതിരുന്നാൽ, ഓരോ ജീവിതത്തിൻ്റെയും വലിയ നിധി വിസ്മൃതിക്ക് വിധേയമാകുന്നു.
പക്ഷെ, യേശുവിൻ്റെ ജീവിക്കുന്ന ഓർമ്മയിൽ, വിസ്മരിക്കപ്പെട്ടവരും, ചരിത്രം മായ്ച്ചുകളഞ്ഞതായി തോന്നുന്നവർ പോലും, അന്തസ്സോടെ പ്രത്യക്ഷപ്പെടുന്നു. പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ലായ യേശു ഇപ്പോൾ മൂലക്കല്ലാണ്.ഇതാണ് പുനരുത്ഥാന പ്രഖ്യാപനം.
അതുകൊണ്ടാണ് ക്രൈസ്തവർ എല്ലാ വിശുദ്ധകുർബാനയിലും മരിച്ചവരെ അനുസ്മരിക്കുന്നതും, ഇന്നുവരെ അവരുടെ പ്രിയപ്പെട്ടവരെ ദിവ്യകാരുണ്യ പ്രാർത്ഥനയിൽ പരാമർശിക്കണമെന്ന് അവർ ആവശ്യപ്പെടുന്നതും. ആ പ്രഖ്യാപനത്തിൽ നിന്ന് ആരും നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യാശ ഉയർന്നുവരുന്നു.
അതിനാൽ നിശബ്ദതയെ ഭേദിക്കുന്ന സെമിത്തേരി സന്ദർശനം, നമുക്കെല്ലാവർക്കും പ്രിയപ്പെട്ടവരേ ഓർമ്മിക്കാനും, അവരെ കാത്തിരിക്കാനുമുള്ള ഒരു ക്ഷണമാകട്ടെ. “മരിച്ചവരുടെ പുനരുത്ഥാനത്തിനും വരാനിരിക്കുന്ന ലോകത്തിൻ്റെ ജീവിതത്തിനും വേണ്ടി ഞാൻ കാത്തിരിക്കുന്നു,” എന്നാണ് വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നത്.
അതിനാൽ, നമുക്ക് ഭാവിയെ അനുസ്മരിക്കാം. നാം ഭൂതകാലത്തിൽ, ഗൃഹാതുരത്വത്തിൻ്റെ കണ്ണീരിൽ തളച്ചിടപ്പെട്ടിട്ടില്ല. ഒരു ശവകുടീരത്തിലെന്നപോലെ വർത്തമാനകാലത്തും എന്നെന്നേക്കുമായി മുദ്രയിടപ്പെട്ടിട്ടുമില്ല.
എന്നാൽ, യേശുവിൻ്റെ പരിചിതമായ ശബ്ദം നമ്മിലേക്കും, എല്ലാവരിലേക്കും എത്തട്ടെ, കാരണം അത് ഭാവിയിൽ നിന്ന് വരുന്ന ഒരേയൊരു ശബ്ദമാണ്. അത് നമ്മെ പേര് ചൊല്ലി വിളിക്കുന്നു, നമുക്കായി ഒരു സ്ഥലം ഒരുക്കുന്നു, ജീവൻ വെടിയുവാൻ നമ്മെ പ്രേരിപ്പിക്കുന്ന നിസ്സഹായതയുടെ അവസ്ഥയിൽനിന്നും നമ്മെ മോചിപ്പിക്കുന്നു. വിശുദ്ധ ശനിയാഴ്ച്ച നാം ഓർമ്മിക്കുന്ന പരിശുദ്ധ മറിയം പ്രത്യാശയോടെ മുൻപോട്ടു പോകുവാൻ നമ്മെ പഠിപ്പിക്കട്ടെ.