ജാസ്മിന്റെ റീല്‍ വിവാദം  ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ശുദ്ധികർമ്മം, 6 ദിവസത്തെ പൂജകൾ വീണ്ടും നടത്തും

ജാസ്മിന്റെ റീല്‍ വിവാദം ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ശുദ്ധികർമ്മം, 6 ദിവസത്തെ പൂജകൾ വീണ്ടും നടത്തും

പ്രസിദ്ധീകരിച്ചത്: 26 Aug, 2025
ഷെയർ ചെയ്യുക:

ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫർ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ, തന്ത്രിയുടെ നിർദേശപ്രകാരം ക്ഷേത്രക്കുളം പുണ്യാഹവും ശുദ്ധിച്ചടങ്ങുകളും ആരംഭിച്ചു. രുദ്രതീർത്ഥം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളത്തിൽ 5 ഓതിക്കന്മാർ ചേർന്ന് ഹോമം, പുണ്യാഹം ചടങ്ങുകൾക്കു ശേഷം ഇന്ന് മുതൽ 6 ദിവസത്തെ 18 പൂജകളും 18 ശീവേലികളും വീണ്ടും നടത്തും.

ജാസ്മിന്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല്‍ കഴുകിയതിനെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്ര തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും ചിത്രീകരിച്ച റീൽസ് ജാസ്മിൻ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്.  ഇതില്‍ തീര്‍ത്ഥക്കുളത്തില്‍ ജാസ്മിന്‍ കാല്‍ കഴുകുന്ന ഭാഗവുമുണ്ടായിരുന്നു.

നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് മുൻപു തന്നെ കോടതി വിലക്ക് ഏർപ്പെടുത്തിയതാണ്. തീര്‍ത്ഥക്കുളത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനും ക്ഷേത്രം അധികൃതർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍കുമാറാണ് ജാസ്മിന് എതിരെ പരാതി നല്‍കിയത്. ടെമ്പിള്‍ പോലീസില്‍ നല്‍കിയ പരാതി പിന്നീട് കോടതിക്ക് കൈമാറി. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്.