മരുന്ന് ഇറക്കുമതിക്ക് 100 ശതമാനം താരിഫ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി

മരുന്ന് ഇറക്കുമതിക്ക് 100 ശതമാനം താരിഫ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി

പ്രസിദ്ധീകരിച്ചത്: 27 Sep, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുന്നുകള്‍ക്കുള്ള തീരുവ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും. ബ്രാന്‍ഡഡ്, പേറ്റന്റഡ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

എന്നാല്‍ അമേരിക്കയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ പ്ലാന്റ് നിര്‍മിച്ചാല്‍ അവരുടെ ഇറക്കുമതിക്ക് ഈ തീരുവയുണ്ടാകില്ല. ട്രംപിന്റെ താരിഫ് തന്ത്രം തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാന്‍ നികുതികള്‍ സഹായിക്കുമെന്നാണ് ട്രംപിന്റെ ആത്മവിശ്വാസം.

അമേരിക്കയില്‍ മരുന്ന് കമ്പനികള്‍ പ്ലാന്റുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഈ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് യാതൊരു താരിഫും ഉണ്ടായിരിക്കില്ലെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ ട്രംപ് എഴുതി. ഏറ്റവും പുതിയ താരിഫ് പ്രഖ്യാപനത്തില്‍, അടുക്കള കാബിനറ്റുകളുടെയും ബാത്ത്റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും അപ്ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.