മലപ്പുറത്ത് ചേനപ്പാടിയില്‍ കരിമ്പുലിയിറങ്ങി

മലപ്പുറത്ത് ചേനപ്പാടിയില്‍ കരിമ്പുലിയിറങ്ങി

പ്രസിദ്ധീകരിച്ചത്: 20 Sep, 2025
ഷെയർ ചെയ്യുക:

മലപ്പുറം: കല്ലാമൂല ചേനപ്പാടിയില്‍ കരിമ്പുലിയിറങ്ങിയതായി റിപ്പോർട്ട്. ചേനപ്പാടി പള്ളിക്കു സമീപം താമസിക്കുന്ന ഞാറക്കാടന്‍ സിറാജിന്റെ വീടിനരികിലാണ് കരിമ്പുലിയെത്തിയത്. വീട്ടു മുറ്റത്തായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. 

 

രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയില്‍ ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്. വ്യാഴാഴ്ച എട്ടരയോടെ റോഡിലൂടെ വന്ന കരിമ്പുലിയെ ഞാറക്കാടന്‍ അബ്ദുറഹ്‌മാനാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അനുജന്‍ സിറാജിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സിറാജ് ടോര്‍ച്ചെടുത്ത് പുറത്തിറങ്ങും മുമ്പ് ജാസ്മിനു നേരെ കരിമ്പുലി ചീറിയടുത്തു. ശബ്ദമുണ്ടാക്കിയതോടെ പുലി പിന്തിരിഞ്ഞെന്ന് ആണ് ജാസ്മിന്‍ പറയുന്നത്. 

 

അതേസമയം ചേനപ്പാടിയിലെ മൂന്ന് വളര്‍ത്തു നായ്ക്കളെ പുലി കൊന്നിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രണ്ടാഴ്ച മുമ്പ് സിറാജിന്റെ വീടിന് സമീപത്തെ തോട്ടത്തില്‍ കുറുക്കന്റെ പാതി തിന്ന ജഡം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഒരു മാസം മുമ്പ് വേപ്പിന്‍കുന്നില്‍ ചേനപ്പാടി തോടിനു സമീപമാണ് ആദ്യം പുലിയെ പ്രദേശവാസികള്‍ കണ്ടത്.