കൗമാരക്കാരുടെ ടാനിംഗ് ബെഡ് ഉപയോഗം: നിയന്ത്രണ നീക്കത്തിൽ നിന്ന് പിൻവാങ്ങി എഫ്ഡിഎ
പ്രായപൂർത്തിയാകാത്തവർ കൃത്രിമമായി തൊലി നിറം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന 'ടാനിംഗ് ബെഡ്ഡുകൾ' (Tanning Beds) ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പിൻവാങ്ങി.
ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ഒപ്പുവെച്ച വിജ്ഞാപനത്തിലാണ് ഈ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. വ്യക്തിസ്വാതന്ത്ര്യം, രക്ഷിതാക്കളുടെ തീരുമാനമെടുക്കാനുള്ള അധികാരം, ചെറുകിട ബിസിനസ്സുകാർക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്നിവ ചൂണ്ടിക്കാട്ടി ലഭിച്ച ആയിരക്കണക്കിന് പരാതികളെത്തുടർന്നാണ് ഈ നീക്കം.
സൂര്യപ്രകാശത്തിൽ നിന്നുള്ളതിനേക്കാൾ 15 മടങ്ങ് അധികം അൾട്രാവയലറ്റ് (UV) രശ്മികൾ പുറത്തുവിടുന്ന ഉപകരണങ്ങളാണ് ടാനിംഗ് ബെഡ്ഡുകൾ. ഇത് ചർമ്മത്തിലെ കോശങ്ങളുടെ ഡിഎൻഎ (DNA) നശിപ്പിക്കുകയും അർബുദത്തിന് (Skin Cancer) കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.