അമേരിക്കയിൽ '9/11' മോഡൽ ഭീകരാക്രമണത്തിന് ഗൂഢാലോചന; പിന്നിൽ എപ്സ്റ്റീൻ ശൃംഖലയെന്ന് ഇറാൻ
മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയ്ക്കെതിരെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള യുഎസ് ലോബി, സെപ്റ്റംബർ 11-ന് സമാനമായ മറ്റൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരം ഒരു ആക്രമണം നടത്തി അതിന്റെ കുറ്റം ഇറാന്റെ മേൽ കെട്ടിവെക്കാനാണ് ഗൂഢാലോചന നടന്നതെന്ന് ലാരിജാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
എപ്സ്റ്റീന്റെ നെറ്റ്‌വർക്കിലെ അവശേഷിക്കുന്ന അംഗങ്ങൾ 9/11 മാതൃകയിലുള്ള ഒരു സംഭവം സൃഷ്ടിക്കാനും അതിന് ഇറാനെ കുറ്റപ്പെടുത്താനും ഗൂഢാലോചന നടത്തുന്നതായി ഞാൻ കേട്ടു," ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി കൂടിയായ ലാരിജാനി വ്യക്തമാക്കി.
പാശ്ചാത്യ രാഷ്ട്രീയ-ബിസിനസ് രംഗത്തെ പ്രമുഖരുമായി എപ്സ്റ്റീനുള്ള ബന്ധം ഇറാൻ നേരത്തെയും ചർച്ചയാക്കിയിട്ടുണ്ട്. നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എപ്സ്റ്റീനും ഒപ്പമുള്ള ചിത്രങ്ങൾ മുൻനിർത്തിയാണ് ഇറാൻ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്.