അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമാകുന്നു; എച്ച്-1ബി വിസയെച്ചൊല്ലി വിദ്വേഷ കമന്റുകളിൽ 115 ശതമാനം വർദ്ധനവ്
അമേരിക്കയിൽ ഇന്ത്യൻ വംശജർക്കും കുടിയേറ്റക്കാർക്കുമെതിരെ വംശീയ അധിക്ഷേപങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിലാണ് വിദ്വേഷ കമന്റുകളിൽ 115 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യക്കാർക്കെതിരെയുള്ള വിദ്വേഷ പരാമർശങ്ങൾ ഇതിനോടകം 280 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കക്കാരുടെ തൊഴിൽ തട്ടിയെടുക്കുന്നു എന്ന തെറ്റായ പ്രചാരണമാണ് ഈ വിദ്വേഷത്തിന് പ്രധാന കാരണം. ഇന്ത്യൻ അധിനിവേശം എന്നും കുടിയൊഴിപ്പിക്കൽ എന്നും വിശേഷിപ്പിച്ചു കൊണ്ടുള്ള ഹാഷ്‌ടാഗുകൾ ഓൺലൈൻ ഇടങ്ങളിൽ സജീവമാണ്. ടെക്സസിലെ ഫ്രിസ്കോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ ഇന്ത്യക്കാർക്കെതിരെ പരസ്യമായ വംശീയ അധിക്ഷേപങ്ങൾ ഉയർന്നത് വലിയ ചർച്ചയായിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസ നിയമങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ പ്രവണത വർദ്ധിക്കുന്നത്. വിസ അപേക്ഷകൾക്ക് ഉയർന്ന ഫീസും പുതിയ നിബന്ധനകളും ഏർപ്പെടുത്തിയത് ഒരു വിഭാഗം ആളുകൾക്കിടയിൽ വിദ്വേഷം വളർത്താൻ കാരണമായി. ഇന്ത്യൻ വംശജരായ അഭിഭാഷകരും ഐടി ഉദ്യോഗസ്ഥരും തങ്ങൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് ആശങ്ക പങ്കുവെക്കുന്നുണ്ട്.