തന്റെ പേര് നൽകിയാൽ ഫണ്ട് അനുവദിക്കാം; ന്യൂയോർക്ക് ടണൽ പദ്ധതിയിൽ വിചിത്ര നിബന്ധനയുമായി ട്രംപ്
ന്യൂയോർക്കിനെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ റെയിൽവേ ടണൽ പദ്ധതിയുടെ ഫണ്ട് അനുവദിക്കാൻ വിചിത്രമായ ഉപാധി മുന്നോട്ടുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ന്യൂയോർക്കിലെ പെൻ സ്റ്റേഷനും തന്റെ പേര് നൽകിയാൽ തടഞ്ഞുവെച്ചിരിക്കുന്ന 16 ബില്യൺ ഡോളർ വിട്ടുനൽകാമെന്നാണ് ട്രംപ് അറിയിച്ചത്. കഴിഞ്ഞ മാസം സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമറുമായി നടത്തിയ ചർച്ചയിലാണ് ട്രംപ് ഈ 'ക്വിഡ് പ്രോ ക്വോ' (ഒന്നിന് പകരം ഒന്ന്) നിർദ്ദേശം വെച്ചത്.
എന്നാൽ ട്രംപിന്റെ ഈ ഉപാധി ചക്ക് ഷുമർ അപ്പാടെ തള്ളിക്കളഞ്ഞു. വിമാനത്താവളങ്ങളുടെയോ റെയിൽവേ സ്റ്റേഷനുകളുടെയോ പേര് മാറ്റാൻ തനിക്ക് അധികാരമില്ലെന്ന് ഷുമർ വൈറ്റ് ഹൗസിനെ അറിയിച്ചു. ഇതോടെ പദ്ധതിയുടെ സാമ്പത്തിക സഹായം സംബന്ധിച്ച അനിശ്ചിതത്വം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.
ഗേറ്റ്‌വേ പ്രോജക്റ്റ് എന്ന് അറിയപ്പെടുന്ന ഈ ടണൽ നിർമ്മാണം ഫണ്ട് ലഭിക്കാത്തതിനാൽ നിലക്കുന്ന അവസ്ഥയിലാണ്. നിർമ്മാണം തടസ്സപ്പെട്ടാൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നേരത്തെ ജോ ബൈഡൻ ഭരണകൂടം അംഗീകരിച്ച ഈ ഫണ്ട് ഒക്ടോബറിലാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്. പദ്ധതിയിലെ വൈവിധ്യവൽക്കരണ നയങ്ങളിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.