അന്താരാഷ്ട്ര നിയമങ്ങളേക്കാൾ വലുത് സ്വന്തം ശക്തിയാണെന്ന് അമേരിക്ക കരുതുന്നു: തുറന്നടിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
അന്താരാഷ്ട്ര നിയമങ്ങളേക്കാൾ തങ്ങളുടെ അധികാരത്തിനാണ് അമേരിക്ക മുൻഗണന നൽകുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആഗോള തലത്തിൽ പല സുപ്രധാന തീരുമാനങ്ങളും ഏകപക്ഷീയമായി എടുക്കുന്ന അമേരിക്കയുടെ നിലപാട് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിലുള്ള തുല്യതയും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങളും വലിയ ഭീഷണി നേരിടുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ നിരന്തരം വിമർശിക്കുന്ന സാഹചര്യത്തിലാണ് ഗുട്ടെറസിന്റെ ഈ പ്രതികരണം. വെനസ്വേലയിൽ നടത്തിയ സൈനിക ഇടപെടലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹുതല സഹകരണത്തിന് പ്രസക്തിയില്ലെന്ന് വാഷിംഗ്ടൺ ഉറച്ചു വിശ്വസിക്കുന്നുവെന്നും സ്വന്തം സ്വാധീനം ഉറപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഗുട്ടെറസ് കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ എൺപതാം വാർഷികത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഗുട്ടെറസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകശക്തികൾ നിയമങ്ങളെ സ്വന്തം താല്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മറ്റ് രാജ്യങ്ങൾക്കും തെറ്റായ മാതൃകയാകുന്നു. സുരക്ഷാ സമിതിയുടെ പ്രവർത്തനങ്ങൾ ഇന്ന് കാര്യക്ഷമമല്ലെന്നും അത് പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം ആവർത്തിച്ചു.