അമേരിക്കയുമായി വ്യാപാര യുദ്ധത്തിന് യൂറോപ്പ്: ട്രംപിന്റെ ഇറക്കുമതി തീരുവയെ പ്രതിരോധിക്കാൻ പുതിയ നീക്കങ്ങളുമായി യൂറോപ്യൻ യൂണിയൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ വ്യാപാര നയങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ കടുത്ത തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ആഗോള വിപണിയെ തന്നെ ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ അമേരിക്കയുമായുള്ള ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പത്ത് മുതൽ ഇരുപത് ശതമാനം വരെ നികുതി ഏർപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇത് യൂറോപ്പിലെ കാർ നിർമ്മാതാക്കളെയും ആഡംബര വസ്തുക്കളുടെ വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കും. അമേരിക്കയുടെ ഈ നീക്കത്തെ നേരിടാൻ ശക്തമായ തിരിച്ചടി നൽകാനാണ് യൂറോപ്യൻ യൂണിയൻ ഭരണാധികാരികളുടെ തീരുമാനം.
ആദ്യ ഘട്ടത്തിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് യൂറോപ്പ് ശ്രമിക്കുന്നത്. എന്നാൽ ട്രംപ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും കനത്ത നികുതി ഏർപ്പെടുത്താൻ യൂറോപ്പ് മടിക്കില്ല. ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ഉൾപ്പെടെയുള്ള കൂടുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന വാഗ്ദാനവും യൂറോപ്പ് മുന്നോട്ടുവെച്ചേക്കാം.