പിന്തുണ അഞ്ചിൽ ഒരാൾ മാത്രം; ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് അമേരിക്കക്കാർ എതിര്

പിന്തുണ അഞ്ചിൽ ഒരാൾ മാത്രം; ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് അമേരിക്കക്കാർ എതിര്

പ്രസിദ്ധീകരിച്ചത്: 15 Jan, 2026
ഷെയർ ചെയ്യുക:

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് അമേരിക്കൻ പൗരന്മാരിൽ വെറും 17 ശതമാനം മാത്രമാണെന്ന് റോയിറ്റേഴ്‌സ് സർവേ.  ദ്വീപ് സൈനിക ശക്തി ഉപയോഗിച്ച് കൈവശപ്പെടുത്തുന്നതിനെതിരെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും ഉൾപ്പെടുന്ന വൻ ഭൂരിപക്ഷം എതിരാണെന്നും  സർവേ കണ്ടെത്തി.

നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിനെതിരെ ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ട്രംപ് ഉയർത്തിയ ഭീഷണികൾ വ്യാപകമായ ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്നും, നൂറ്റാണ്ടുകളായി ഡെൻമാർക്കിന്റെ പ്രദേശമായ ഗ്രീൻലാൻഡിനെക്കുറിച്ചുള്ള ഈ സമീപനം വിമർശനങ്ങൾ ക്ഷണിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നു.

 

ഗ്രീൻലാൻഡ് യുഎസ് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും, ഭാവിയിൽ റഷ്യയോ ചൈനയോ തന്ത്രപ്രധാനമായ ഈ ഖനിസമ്പത്ത് സമൃദ്ധമായ പ്രദേശം കൈവശപ്പെടുത്തുന്നത് തടയാൻ അമേരിക്ക അത് സ്വന്തമാക്കണമെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗ്രീൻലാൻഡിനെ യുഎസ് നിയന്ത്രണത്തിലാക്കുന്നതിനായി സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ വൈറ്റ് ഹൗസ് അധികൃതർ ചർച്ച ചെയ്തിട്ടുണ്ടെന്നും, ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡുകാർ വിട്ട് പോരാൻ ട്രംപ്  വലിയ തുക നൽകുന്നതും പരിഗണിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.