യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് സ്റ്റേഷനിലെ മർദ്ദനം; കേസ് ഒതുക്കാൻ പണം വാഗ്ദാനം നൽകിയെന്ന് ആരോപണം
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ ഇടിമുറിയിൽ മർദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോലീസ് മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിന്റെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് പോലീസുകാർക്കെതിരെ കുന്നംകുളം കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നു. സുജിത് നൽകിയ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
കുന്നംകുളം സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി. ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നായിരുന്നു സുജിത്തിനെ മർദ്ദിച്ചത്. ഇവർ ഇപ്പോഴും സർവ്വീസിൽ തുടരുന്നുണ്ട്.
അതേസമയം, കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി സുജിത്ത് രംഗത്തെത്തി.സുജിത്തിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയ ആണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്.