ഹിമാലയത്തിൽ 60 വർഷം മുൻപ് അമേരിക്കയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം; ഗംഗാ നദിക്ക് ഭീഷണിയായി ഇപ്പോഴും മഞ്ഞുപാളികൾക്കുള്ളിൽ
1960-കളിലെ ശീതയുദ്ധകാലം, ചൈനയുടെ ആണവപരീക്ഷണങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയും (CIA) ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയും (IB) ചേർന്ന് നടത്തിയ ഒരു അതീവ രഹസ്യ ദൗത്യം ഇന്നും ലോകത്തിന് ഒരു വലിയ ഭീഷണിയായി നിലനിൽക്കുന്നു. ഉത്തരാഖണ്ഡിലെ നന്ദാദേവി പർവ്വതശിഖരത്തിൽ സ്ഥാപിക്കാനായി കൊണ്ടുപോയ അമേരിക്കൻ ആണവ ഉപകരണം 60 വർഷം മുൻപ് കാണാതായ സംഭവമാണ് വീണ്ടും ചർച്ചയാകുന്നത്.
ചൈനയുടെ ആണവ ശേഷി അറിയുന്നതിനായി റേഡിയോ ഐസോടോപ്പ് തെർമോ ഇലക്ട്രിക് ജനറേറ്റർ (RTG) എന്ന ആണവോർജ്ജം നൽകുന്ന നിരീക്ഷണോപകരണമാണ് നന്ദാദേവിയിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. 57 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണത്തിൽ ഏഴ് പ്ലൂട്ടോണിയം-238 കാപ്സ്യൂളുകൾ അടങ്ങിയിരുന്നു. ഇന്ത്യൻ പർവ്വതാരോഹകനായ ക്യാപ്റ്റൻ മോഹൻ സിംഗ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കൻ പർവ്വതാരോഹകരുമായി ചേർന്നാണ് 1965-ൽ ഈ രഹസ്യ ദൗത്യം ആരംഭിച്ചത്.
നന്ദാദേവിയിലെ നാലാം ക്യാമ്പിന് സമീപം എത്തിയപ്പോൾ കനത്ത മഞ്ഞുകാറ്റിനെ തുടർന്ന് ദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. തുടർന്ന്, പർവ്വതത്തിലെ ഒരു പാറയിടുക്കിൽ ഉപകരണം ഭദ്രമായി കെട്ടിവെച്ച നിലയിൽ ഉപേക്ഷിച്ചു. എന്നാൽ, അടുത്ത വർഷം വീണ്ടും പരിശോധനക്കെത്തിയപ്പോൾ ആ പ്രദേശമാകെ ഹിമപാതത്തിൽ തകർന്ന് മഞ്ഞുമൂടി കിടക്കുകയായിരുന്നു. ഉപകരണത്തിന്റെ ഒരു ഭാഗം പോലും കണ്ടെത്താനായില്ല. ഹിമപാതത്തിൽപ്പെട്ട് ഉപകരണം താഴേക്ക് ഒഴുകിപ്പോയതായി സംഘം തിരിച്ചറിഞ്ഞു.